
നിൻ വിയോഗം അറിഞ്ഞു സുഹൃത്തേ,ഞാൻ
എങ്ങിനെ ആത്മശാന്തിക്കു നേർന്നിട്ടും?
വിശ്വസിച്ചിരുന്നില്ലൊരാത്മാവിലും,
യുക്തിഹീനമതെന്നു ശഠിച്ചു നീ.
എങ്കിലും നമ്മൾ തമ്മിൽ കലഹിച്ചു
മുന്നം ആത്മസംബന്ധിയാം ചർച്ചയിൽ.
സ്കൂളിൽ ഇന്റർവെൽ നേരം പലദിനം
വാദിച്ചാത്മാവതുണ്ടെന്നുമില്ലെന്നും.
ആത്മവാദം നീ
ആണയിട്ടോതിടും,
നേർത്തിടും പ്രതിവാദമായ് ഞങ്ങളും.
നിന്റെ കൺകളിൽ വിശ്വാസതീവ്രത
ഉജ്വലിച്ചിടും ചർച്ച തുടരവേ.
ഈവിധം പല മാസം കടന്നുപോയ്,
തോൽവി സമ്മതിച്ചിലിരുകൂട്ടരും.
ഗൗരവം മുഖത്തെപ്പോഴുമെങ്കിലും
കണ്ടിടക്കൊരു സൗഹൃദപ്പുഞ്ചിരി.
പിന്നെ നമ്മൾ പലവഴിക്കായ് തമ്മിൽ
കണ്ടതേയില്ല, വർഷം ചിലതു പോയ്.
കേട്ടുനീ യുക്തിവാദിയായെന്നതും
ധിക്കരിച്ചെന്നും പള്ളീവിലക്കുകൾ,
വന്നു തൃശൂർ കലാലയ വിദ്യാർത്ഥി
അന്നു നാം തമ്മിൽ കണ്ടുപരസ്പരം.
ഹ്രസ്വഭാഷണം, പിന്നെ വിടചൊല്ലും
ഹൃദ്യമായുള്ള പുഞ്ചിരിയോടെ നീ.
ദൂരെ ഉദ്യോഗലബ്ധി, കുടുംബവും
ജോലിയുമായ് ഇവനൊതുങ്ങീടവെ,
കേട്ടു നീ യുക്തിവാദശരങ്ങളാൽ
നേർത്തനാചാര മൂഢബോദ്ധ്യങ്ങളെ,
നേരും നീതിയുമെന്നും പുലരുവാൻ
സ്ഥൈര്യമോടെ കലഹിച്ചിരുന്നതും.
സ്വീകരിച്ചില്ല പൂവിരിപ്പാതകൾ,
കാരമുള്ളു നിറഞ്ഞ വഴികളിൽ
കാൽമുറിഞ്ഞു നിണമൊഴുകുമ്പോഴും
കാലിടറാതടി വെച്ചു നീങ്ങി നീ.
എന്നുമേതു സദസ്സിലാണെങ്കിലും
തന്റെ ബോദ്ധ്യങ്ങളൊന്നിലും തെല്ലുമേ
ഒത്തുതീർപ്പു ചെയ്യാതെ സമർത്ഥിക്കും
യുക്തിപൂർവ്വം തലയെടുപ്പോടെ നീ.
ദീപ്തമാം നിൻ സ്മരണക്കമുന്നിലെൻ
ബാഷ്പം ഇറ്റി കുതിർന്നൊരീ വാക്കുകൾ.
കുറിപ്പ്: യശ:ശരീരനായ പ്രശസ്ത യുക്തിവാദി ശ്രീ ഏ. വി. ജോസിനെ
അനുസ്മരിക്കുന്നു. സ്ക്കൂളിൽ ഞങ്ങളുടെ സുഹൃത്തും അടിയുറച്ച കത്തോലിക്കാ
വിശ്വാസിയുമായിരുന്ന ജോസുമായി ആത്മാക്കളെ കുറിച്ചും മറ്റും അക്കാലത്തു ഞങ്ങൾ
ചർച്ച ചെയ്യുമായിരുന്നു.
02-04-2017
Copyright © 2016 - All Rights Reserved - www.tkjayanthan.com
Powered by eDesign