തന്നെ
കുരിശിലേറ്റിയവർക്കു
മാപ്പു കൊടുക്കണമെന്ന്
ക്രൂശിതനായ യേശു
ദൈവത്തോട് പ്രാർത്ഥിച്ചു.
തന്റെ തലയറുക്കാൻ വന്ന
കാപാലികന്റെ വയറു കീറി
കുടൽമാല പുറത്തിട്ട
അരുമ ശിഷ്യനെ
ശങ്കരാചാര്യ സ്വാമികൾ
കർശനമായി ശാസിച്ചു.
തന്റെ ഭക്ഷണത്തിൽ
വിഷം ചേർത്തു തന്നവന്
സ്വാമി ദയാനന്ദ സരസ്വതി
ആരാധകരുടെ കണ്ണിൽ പെടാതെ
രക്ഷപ്പെടാനുള്ള ഉപായം
പറഞ്ഞുകൊടുത്തു.
തന്റെ നഗ്ന മാറിടത്തിലേക്കു
നിറയൊഴിച്ചവന്നു
മാപ്പു കൊടുക്കണമെന്ന്
"ഹേ റാം"എന്നു വിളിച്ചു
മഹാത്മജി ദൈവത്തോട് യാചിച്ചു.
തന്നെ ഭ്രാന്തനെന്നു
വിളിച്ചവരെനോക്കി
"ആര്?"എന്നു ഉറക്കെ ചോദിച്ചു
നാറാണത്തു ഭ്രാന്തൻ
കൈകൊട്ടി ചിരിച്ചു.
തനിക്കു ഭ്രഷ്ട് കല്പിക്കാൻ
ഉപായം തേടി നമ്പൂതിരിമാർ
ഭാഗവതീസേവ ചെയ്തപ്പോൾ
അവർക്ക് മുന്നിൽ കിണ്ടി കമിഴ്ത്തി
സ്വയം ഭ്രഷ്ടനെന്നു പറഞ്ഞു
കാക്കശ്ശേരി ഭട്ടതിരി
കേരളം വിട്ടുപോയി.
ഇവരെല്ലാം വലിയ
മനുഷ്യസ്നേഹികളായിരുന്നു.
ഇരുട്ടിൽനിന്നു വെളിച്ചത്തിലേക്ക്
നമ്മെ നയിച്ചവരായിരുന്നു.
ഇന്നിപ്പോൾ
അസഹിഷ്ണുത താണ്ഡവമാടുന്നു.
നേരിനും നീതിക്കും വേണ്ടി
ശബ്ദം ഉയർത്തുന്നവർ,
സത്യം വിളിച്ചുപറയുന്നവർ,
ഓരോരുത്തരായി കൊലചെയ്യപ്പെടുന്നു.
എന്നാൽ സത്യത്തെ
ഒളിപ്പിക്കാനോ നശിപ്പിക്കാനോ
കഴിയുമെന്ന് ചിലർ വ്യാമോഹിക്കുന്നു.
ഇവർക്ക്
വാക്കിനെയും നോക്കിനെയും
ഭയമാണ്.
ഇവർ
അന്ധകാരത്തിൽ
അഭിരമിക്കുന്ന
അഭയം തേടുന്ന
ഭീരുക്കളാണ്.
.....................
09-11-2017
Copyright © 2016 - All Rights Reserved - www.tkjayanthan.com
Powered by eDesign