നന്നായ് കുളിപ്പിച്ചു തോർത്തിച്ചലക്കിയ
വെള്ളവസ്ത്രവുമുടുപ്പിച്ചുഅമ്മയെ
കൊണ്ടു കിടത്തുന്നു തെക്കിനിത്തിണ്ണയിൽ;
കണ്ടാമുഖത്തു സംതൃപ്തിയും ശാന്തിയും.
"താലിമാലയഴിച്ചൂരിയെടുക്കേണ്ട?"
ചോദിച്ചനുജ,നനുമതിക്കെന്നപോൽ.
തെല്ലൊരസ്വസ്ഥത,യുള്ളിൻ്റെ ആഴത്തിൽ
നിന്നുയിർക്കുന്നു ചിതറിയ ചിന്തകൾ.


ഒക്കത്തിരുന്നുഞാ,നമ്മതൻ കണ്ഠത്തിൽ
തപ്പിനോക്കിപ്പറഞ്ഞാശ്വസിപ്പിക്കുവാൻ:
"ഉണ്ണി,യുറങ്ങി കിടക്കവെ രാത്രിയിൽ
വന്നച്ഛനെൻ്റെ അരയിലെ കിങ്ങിണി
ഊരിയെടുത്തു കൊണ്ടോയില്ലെഅമ്മേടെ
മാല ഉറക്കത്തിൽ അച്ഛനെടുത്തുവൊ?
സാരമി,ല്ലമ്മേടെ ഉണ്ണി വലുതായാൽ
വേറെയൊരു നല്ല മാല വാങ്ങിത്തരാം."
കെട്ടിപ്പിടിച്ചമ്മ കുഞ്ഞിക്കവിളത്തു
പൊട്ടിക്കരഞ്ഞുമ്മ തന്നതുമോർപ്പു ഞാൻ.


ഏറെ കൊടുത്തു തീർക്കാനുള്ള ബാദ്ധത,
ഏറി വരുന്ന കുടുംബച്ചിലവുകൾ,
പാട്ടം തരുവോർ വരുത്തുന്ന താമസം,
കിട്ടുവാനില്ലന്നു മറ്റൊരാദായവും.
നിത്യനിദാനച്ചിലവിനു പൊന്നിൻ്റെ
പൊട്ടും പൊടിയും പണയത്തിലായിടും.
കൈയും കഴുത്തു,മൊഴിഞ്ഞ കാലങ്ങളിൽ
അമ്മ പോകാറില്ലൊരിടത്തുമൊന്നിനും.
താലിച്ചരടൊന്നുമാത്രമണിയലായ്
അമ്മതൻ ചിത്രം മനസ്സിലുണ്ടിപ്പൊഴും.
കാലം പതുക്കെ തെളിയവെ കാഞ്ചന
മാലയിൽ താലി കൊരുത്തു ധരിക്കയായ്.


എട്ടുകെട്ടു,ണ്ടാനവാതിൽ പടിപ്പര
ഊട്ടുപുര കളം പുത്തനാം മാളിക
ആന പല്ലക്കു പ്രതാപ ചിഹ്നങ്ങളായ്
അമ്മ പിറന്നതു സമ്പത്സമൃദ്ധിയിൽ.
പെണ്ണു വയസ്സറിയിക്കുന്നതിൻമുമ്പു-
തന്നെ വിവാഹം കഴിപ്പിച്ചയക്കണം
ജാതകം ചേരണം വേൾപ്പോനഭിജാത-
നാവണംഭാഗ്യമവൾക്കു വിധിച്ചപോൽ.


അമ്മ ഈ വീടിൻ്റെ മംഗള ദീപമായ്
വന്നിട്ടറുപത്തിയേഴു വർഷങ്ങളായ്.
എത്ര ക്ലേശിച്ചമ്മ അല്പം സുഖത്തിനായ്
എത്ര സഹിച്ചമ്മ മക്കളെ പോറ്റുവാൻ.
അമ്മയൊരിക്കൽ പറഞ്ഞു തന്നാഗ്രഹം:
"ഞങ്ങൾക്കിവിടെ കിടന്നു മരിക്കണം."
വീടു നവീകരിച്ചേറെ സംതൃപ്തിയോ-
ടാറേഴു വർഷമായച്ഛനുമമ്മയും
വാഴുന്നിവിടെ;ഇന്നമ്മ സുമംഗലി-
യായിട്ടുതന്നെ വിടവാങ്ങി;വന്നപോൽ.
താലിയും മാലയു,മമ്മയുമൊന്നിച്ചു
കാളും ചിതയിലുരുകിയെരിയണം,
മിന്നിയിളകുന്ന സൗവർണ്ണ നാളങ്ങൾ
പൊങ്ങട്ടെ തുള്ളിക്കളിച്ചു വാനം വരെ!
...................
15 7 2018

HOME