മുന്നിൽ നിന്നു നീ കൊന്ന
കന്നി പൂത്തതുപോലെ
പിന്നെയെന്നുള്ളിൽ നിത്യ-
മൊരുക്കീ വിഷുക്കണി.


ആതിരാനിലാവിൽ നാം
ആകാശം വിരിയിച്ച
പീലിച്ചന്തവും നോക്കി-
കിടക്കെ മട്ടുപ്പാവിൽ,
വെള്ളിമേഘത്തിൻ തെല്ലു
ചന്ദ്രനെ മറക്കെയെൻ
കണ്ണുകൾ പൊത്തിത്തന്ന
സമ്മാനം നീയോർക്കുന്നോ?
വെയിൽ ചാഞ്ഞ നേരം നാം
ഒരുനാൾ പുഞ്ചപ്പാട
വരമ്പിൽ വഴുക്കാതെ
സൂക്ഷിച്ചു നാടക്കവെ,
കാൽ തെറ്റിവീണു പുഞ്ച-
ക്കണ്ടതിൽ ഞാനോ ചേറിൽ
ആറാടി നിൽക്കെ,തോഴി,
വാപൊത്തി ചിരിച്ചു നീ.
സന്ധ്യപോയിരുൾ വീണു
ചുറ്റിലും പുഴയിലെ
വെള്ളത്തിൽ കിടന്നു നാം
പിന്നെയുമേറെ നേരം.
ചെറുമീനുകൾ കൊത്തി
ഇക്കിളി പ്പെടുത്തിലെ,
ഒഴുക്കു നമ്മെ പൊത്തി-
പ്പിടിച്ചു ചിരിച്ചീലെ?
പാപ്പാതി പുരുഷനും
സ്ത്രീയുമാം ശിലാശില്പം
ആദ്‌ഭുതത്തോടെ ഇമ
പൂട്ടാതെ നോക്കി കാണ്കെ,
"നമ്മൾ ഈ ശില്പം പോലെ
ഉയിരിലുടലിലും."
"അയ്യടാ!"ചിരിച്ചുകൊ-
ണ്ടടിച്ചെൻ കവിളിൽ നീ.
തെല്ലു വീർത്ത നിൻ മിനു
മിനുപ്പുള്ളടിവയർ
തന്മേലെൻ ചെവി ചേർത്തു
മിടിപ്പു കേൾക്കാനായി.
അറിയാതിവൻ വയർ
തടവീ അതിന്നുള്ളിൽ
ചെറിയോരനക്കമോ,
വെറുതെ ആശിച്ചുപോയ്‌.
കുഞ്ഞനെ മടിയിൽവെ-
ച്ചമ്മിഞ്ഞ നൽകുന്നേരം
കുഞ്ഞിച്ചന്തിയിൽ തട്ടി-
ത്തലോടി ഇളകാതെ
ഇരിക്കുമെല്ലാംമറ-
ന്നേതോ നിർവൃതി പൂണ്ടു
ശരിക്കും രവിവർമ്മ
വരച്ച ചിത്രം പോലെ.


ആശയുമാശ്ലേഷവും
ചിരിയും കരച്ചിലും
ക്ലേശവു,
മേറെ വർഷം
പോയി നാമറിഞ്ഞില്ല!
മക്കളോ പല നാട്ടിൽ
ചേക്കേറി കുടുംബമായ്‌
ഒറ്റക്കായിവിടെ നാം
താങ്ങായി പരസ്പ്പരം.
ഭക്ഷണം പാകം ചെയ്‌തും
പൂന്തോട്ടം നനച്ചിട്ടും
മുറ്റത്തെ പുല്ലിൻ നാമ്പു
പറിച്ചു കളഞ്ഞിട്ടും,
ഒറ്റക്കല്ലിരുപേരും
ഒന്നിച്ചു ചെയ്യുന്നെല്ലാം
കൊച്ചുവർത്താനങ്ങളും
പറഞ്ഞു നേരം പോക്കും.
മാമ്പഴം പെറുക്കുന്നു
മത്സരിച്ചോടിച്ചെന്നു
ഈമ്പുന്നു കൊതിയോടെ,
കുട്ടികൾ ആവുന്നു നാം.
വെയിൽ ചായുമ്പോൾ പുഴ-
ക്കരയിലൊഴുക്കിന്റ
ചിരിയും ചുഴികളും
നോക്കി നാമിരുന്നീടും.
മൊബൈലിന്നറിയിപ്പ്
മണിനാദംപോൽകേൾക്കെ
മകനോ മകളോ എ-
ന്നാശിക്കുമെല്ലായ്‌പ്പോഴും.


നഗ്നരായൊറ്റക്കല്ലൊ
വന്നതുമിവിടെക്ക്
നഗ്നരായ് കൂട്ടില്ലാതെ
തന്നെ നാം മടങ്ങേണം.
ആകാശത്തേകാകിയായ്
നടന്നു തളരുമ്പോൾ
പാഥേയമാക്കും നിന്റ
സ്നേഹത്തിൻ തേൻ തുള്ളികൾ.
ആകാശഗംഗാ ക്ഷീര-
പഥത്തീൻ തീരത്തു ഞാൻ
മാരിവില്ലൊടിച്ചൊരു
കൂരവെച്ചതിൻ ചുറ്റം
നക്ഷത്രരത്നക്കല്ലു
മാല തോരണമാക്കി
കെട്ടീടും അഴകോടെ
വരവേൽക്കുവാൻ നിന്നെ!
.....….........
27-06-2017

HOME