ചുണ്ടത്തു സൗഹൃദം മായാത്ത പുഞ്ചിരി
കണ്ണിൽ പ്രതീക്ഷ വിരിയുന്ന പുഞ്ചിരി,
നെഞ്ചിൽ കഠാരം പിടിയോളമാഴ്ത്തി നീ
കണ്ടില്ല നീ,യാത്തെളിനിലാപ്പുഞ്ചിരി.
നീ ചിരിക്കുന്നതു കണ്ടതില്ലാരുമെ
നീ കൊതിക്കുന്നു കൊലച്ചിരി കാണുവാൻ.
നീ സംശയിക്കുന്നു നീയേ ഭയക്കുന്നു
നീ കാണ്മു ശത്രുതയോടെ,യെല്ലാരെയും.

പൊട്ടിപ്പൊളിഞ്ഞുള്ളൊ,രൊറ്റമുറി വീട്ടിൽ
സ്വപ്നങ്ങൾ കണ്ടു വളർന്നു വന്നുള്ളവൻ,
"ഭൂലോകമൊറ്റക്കുടുംബ"മാണെന്നുള്ള
വേദാന്ത വാക്യം സിരയിൽ തുടിപ്പവൻ,
"സർവ്വ രാജ്യത്തെയും മർദ്ദിതർ പീഡിതർ
ബന്ധനം പൊട്ടിച്ചൊരുമിച്ചു ചേരുവിൻ,"
ഉദ്ബോധനം കേട്ടുണർന്നു വീര്യത്തൊടെ
മുഷ്ടി ചുരുട്ടി കൊടിയേന്തി നില്പവൻ,
"നാളത്ത ഭാരതം ശൂദ്രഹസ്തങ്ങളിൽ,"
ആരാദ്ധ്യനാം വിവേകാനന്ദഭാഷണം
വായിച്ചറിഞ്ഞതു സാധിതമാക്കുവാൻ
ജീവിതംതന്നെ ഉഴിഞ്ഞുവെച്ചുള്ളവൻ.
നീ കൊന്നവനെ,യവൻ്റെ സ്വപ്നങ്ങളെ
തല്ലിക്കെടുത്താൻ കഴിയില്ലൊരിക്കലും.

കാണുവോർ നിന്നെ,യൊഴിഞ്ഞു നടന്നിടും
ഏകില്ലഭയം നിനക്കൊരിടത്തുമെ.
ബന്ധു ജനങ്ങളും കയ്യൊഴിക്കും നിൻ്റെ
അമ്മ വെറുപ്പോടെ തള്ളിപ്പറഞ്ഞിടും.
രാവും പകലു,മലഞ്ഞു തളരുന്ന
നേരത്തു നിൻ്റെ മനസ്സു മന്ത്രിച്ചിടാം,
തൂക്കുമരത്തിൻ കുരുക്കൊന്നു മാത്രമെ
ബാക്കിയായുള്ളു തനിക്കൊരഭയമായ്.

നിൻ്റെ കഠാരം തെറിപ്പിച്ച ശോണിതം
ചിന്നിച്ചിതറിപ്പറന്നു തരികളിയ്
ഭൂമിയിൽ വീണു കിളിർത്തു വിരിഞ്ഞിടും
നൂറുനൂറായിരം പുഞ്ചിരിപ്പൂക്കളായ്.
ആ പൂക്കളിൽനിന്നുയിർത്തുവരും രക്ത-
സാക്ഷികൾ നാടിനായ് ജീവൻ ത്യജിച്ചവർ!

29. 07. 2018

HOME