ഇന്നലെ നടത്തിയ
നക്സലു വേട്ട, ട്രോഫി-
യഞ്ചെണ്ണം സ്റ്റേഷൻ മുന്നിൽ
കാഴ്ചക്കായ്‌ കിടത്തിയ
കൂട്ടത്തിലനാഗത-
ശ്മശ്രുവാം വിദ്യാർത്ഥിയും;
ഫോട്ടോയും വാർത്തക്കൊപ്പം;
വിറച്ചു പത്രം കയ്യിൽ.

ഒച്ചയും ബഹളവും
ചേച്ചിയുമായി ശണ്ഠ-
വെക്കലും മനുക്കുട്ടൻ
സാന്നിധ്യമറിയിക്കും.
മിണ്ടാട്ടമില്ലാ,നാക്കു
പൊട്ടിയ മണിയായി,
കണ്ടിടാമേകാകിയായ്
ദൂരെപ്പോയിരിപ്പതായ്.
നിത്യവും താൻചെയ്തുള്ള
വീരസാഹസ കൃത്യ-
മൊക്കെയും മുത്തച്ഛനെ
കേൾപ്പിച്ചു പൊന്നുള്ളവൻ
ഇവനെ കണ്ടെന്നാലും
കണ്ടതായ്‌ നടിപ്പീലാ;
വിനയ,നവന്നച്ഛ,-
നെപ്പോഴും തിരക്കിലാം.
സുജാത സ്മാർട്ട് ഫോൺ നോക്കി-
യിരിക്കുന്നതു കാണാം;
ഒഴിവില്ലിരുപേർക്കും
മകനെ ശ്രദ്ധിക്കുവാൻ.

അന്നുമിങ്ങനെതന്നെ,
പൈതൃകസ്വത്തിൽ കട-
മുള്ളതു വീട്ടിത്തീർക്കാൻ
നെട്ടോട്ടമായിട്ടച്ഛൻ.
പാചകമലക്കലും
വീടു വൃത്തിയക്കലു_
മായിയമ്മക്കില്ലല്പം
നടു ചായ്ക്കുവാൻ നേരം.
ഉണ്ണുവാനിരിപ്പൊരി-
ലെട്ടു മെത്തിയോ,അമ്മ-
യെണ്ണിനോക്കീടും ചോറു-
വിളമ്പുന്നതിന്മുന്നെ.

പഴയ ദിനപത്രം
തറയിൽ നിവർത്തിവെ-
ച്ചെഴുതും ചുടുചോര
തിളങ്ങും മുദ്രാവാക്യം.
രാവിന്നു മൂപ്പേറുമ്പോ-
ളിരുണ്ട വസ്ത്രം ധരി-
ച്ചിറങ്ങും വഴിയോര
മരങ്ങൾ നിഴൽപറ്റി.
ഒഴിഞ്ഞ ചുവർനോക്കി-
യൊരുത്തനൊട്ടിച്ചീടും,
ഇരുപേർ കാവൽനില്കും;
ആരെങ്ങാൻ വരുന്നുണ്ടോ?
ജാഗ്രതവേണമെല്ലാ-
നേരവും,പൊലീസ് വാഴ്ച,
രാത്രിയുമിടിവണ്ടി-
യിരമ്പും ശബ്ദം കേൾക്കാം.
എത്തിടാമെവിടേയു-
മേതുനേരത്തും പോലീസ്
പൊക്കിടാ മൊരുത്തനെ,
തിരിച്ചുവന്നാൽ ഭാഗ്യം!
അമ്മപെങ്ങമ്മാരാരെ-
ന്നറിയാ ബൂട്സിട്ടവർ
വന്നു രാത്രിയിൽ വാതിൽ
തുറക്കാൻ കല്പിച്ചേക്കാം.
കണ്ടിടാം ചിലവേള
കായലിൽ പൊങ്ങി തെന്നും
രണ്ടുനാൾ പഴകിയ
മനുഷ്യ ശരീരങ്ങൾ!

കൂരിരുട്ടമാവാസി
നേർവഴിയൊഴിവാക്കി
പാടവും താണ്ടി ഊടു-
വഴിയി ലനക്കവും
ഒച്ചയും കേൾപ്പിക്കാതെ
അടികൾ മെല്ലെവെച്ചു
പതുങ്ങി പൊലീസിസ്റ്റേഷ-
നെത്തി മൂന്നുപേർ ഞങ്ങൾ.
പതിയെ യൊരുപോസ്റ്റ-
റെടുത്തു പശ തേച്ചു
അമർത്തിയൊട്ടിക്കയായ്‌
സ്റ്റേഷന്റെ ചുവരിന്മേൽ.
പോസ്റ്ററിൽനോക്കി മുഷ്ടി-
ചുരുട്ടിച്ചൊല്ലി മൂകം:
"നിർത്തുക പോലീസ് വേട്ട!"
തിരിഞ്ഞു നടന്നുടൻ.
ഉണർന്നില്ലന്നേരത്തു
പോലീസു പാറാവുകാർ;
മനസ്സിൽ കുളിർപൊട്ടി
തെല്ലഭിമാനത്തോടെ.
ബൂട്സിന്റെ ശബ്ദംകേട്ടോ
പുറകിൽ?പോലീസിന്റെ
ദൃഷ്ടിയിൽ പെട്ടൽപിന്നെ
കാണില്ലാ ശവംപോലും.

മെല്ലെ ഞാനെഴുന്നേറ്റു
കാലൊച്ച കേൾപ്പിക്കാതെ
ചെല്ലുന്നു മനുക്കുട്ടൻ
ശയിക്കും മുറിക്കുള്ളിൽ.
കട്ടിലിൽ കൂർക്കംവലി-
ച്ചുറങ്ങുന്നതോ, എന്നെ
വിഡ്ഢിയാക്കുവാനായി-
ട്ടുറക്കം നടിക്കയോ?
........................
23-01-2018

HOME