
കിങ്കരർ തന്മുന്നിലായ് കൊണ്ടുനിർത്തിയ നാടൻ
പെണ്ണിനെ മഹാരാജൻ നോക്കിനിന്നേറേനേരം.
കറുത്ത നിറം, നന്നെ ചെറുപ്പം, ഉടയാത്ത
വാടിവൊത്തുടൽ, പാതി അടഞ്ഞ മിഴികളിൽ
ഉറക്കം കനം തൂങ്ങി, വീർത്തുള്ള മുല രണ്ടും
ചുരത്തി നനവാർന്ന നനുത്ത മുലക്കച്ച.
"തേടിയതാരെ നമ്മൾ അവളെൻമുന്നിൽ നിൽപ്പു;
ഓതണമിവളോട് ദൗത്യത്തിൻ പ്രാധാന്യത്തെ.
നിത്യവും പലവട്ടം പറഞ്ഞു വശത്താക്കു;
നിദ്ര വിട്ടിവൾ ഉണർന്നീടാതെ ശ്രദ്ധിക്കണം!"
( മോഹന വാഗ്ദാനങ്ങൾ ഭീഷണി അനുനയം,
വിഷ കന്യയായ് മാറ്റാൻ ഔഷധ പ്രയോഗങ്ങൾ)
-2-
മഥുരാ നഗരത്തിൻ സമീപ ഗ്രാമങ്ങളിൽ
പല വീടുകൾ കേറിയിറങ്ങി നടക്കുമ്പോൾ,
കൂട്ടക്കരച്ചിൽ പെട്ടെന്നുയരും പിന്നിൽ നിന്നും,
ഒട്ടുമേ അറിയാറില്ല,പ്പോഴും മയക്കത്തിൽ.
ഒരുനാൾ അമ്പാടിയിൽ ആളില്ലാത്തൊരു വീട്ടിൽ
കടന്നു; ചെറു തൊട്ടിൽ തെന്നലിൽ ചാഞ്ചാടുന്നു.
അടുത്തു ചെന്നാ 'തൊട്ടിൽ കുട്ടനെ' മുലയൂട്ടാ-
നെടുക്കാൻ തുനിയവെ, പെട്ടെന്നു ഞെട്ടുന്നെന്തേ?
കണ്ണുകൾ താനെ തന്നെ തുറന്നുവെന്നാകിലും,
കണ്ണുനീർ നിറഞ്ഞേറെ കാഴ്ച മങ്ങിയെന്നാലും,
കണ്ടു താനാദ്യം മുലയൂട്ടിയ പിഞ്ചോമന
തന്നുടെ തനി രൂപം ഘന
ശ്യാമനീ കുഞ്ഞിൽ.
ചിരിച്ചു കൊഞ്ചിച്ചു കൊണ്ടെടുത്തിട്ടിളം ചുണ്ടിൽ
മുലക്കൺ തൊടുവിക്കെ നനുത്ത സുഖം തോന്നി.
-3-
അരുവിക്കരയിലെ ശിലയിലിരുന്നിവൾ
ഒഴുകും ജലം കാലിട്ടടിച്ചു തെറിപ്പിക്കെ;
കൊടുങ്കാറ്റുപോൽ പിന്നിൽ നിന്നയാൾ വന്നു, വാരി
എടുത്തു കരങ്ങളിൽ തിരിഞ്ഞു നാടക്കവെ,
ദുർബലം പ്രതിഷേധം, കൈകാലിട്ടടികളും
നിഷ്ഫലം, പൊന്തക്കുള്ളിൽ മലർത്തി കിടത്തുന്നു.
ആദ്യമായുദരത്തിന്നുള്ളറകളിലൊന്നിൽ
ചിപ്പിതന്നിരുദളം വിരിഞ്ഞു കൂമ്പുന്നതായ്
അറിഞ്ഞില്ലന്നേരത്തു, അറിഞ്ഞു പിന്നീടുള്ളിൽ
ചെറുതാമനക്കങ്ങൾ, ഇടുപ്പിൽ കടച്ചിലും.
പ്രസവാലസ്യം തെല്ലു കുറഞ്ഞു, നോക്കും നേരം
കറുത്ത ചെറു മുത്തു ചാരത്തു ശയിക്കുന്നു.
കണ്ണുകൾ മിഴിക്കാതെ ചുരുട്ടി കരം ചുണ്ടു
മെല്ലവെ വിടർത്തുന്നു; മുലക്കണ്ണതിൽ ചേർത്തു.
പിന്നീടു മുലയൂട്ടാൻ കഴിഞ്ഞില്ലധികനാൾ;
പൊന്നുമോൻ ,അയ്യോ,വയ്യ! നീയെന്നെ ഇട്ടേച്ചു പോയ്!
തുടർന്നും മുലപ്പാലു ചുരന്നു എൻ കണ്ണീരിൻ
പുളിപ്പു കലർന്നല്ലോ വത്സല്യ മാധുര്യത്തിൽ.
-4-
ഇന്നിപ്പോൾ മുലചപ്പികുടിക്കുന്നൊരി ശ്യാമ-
വർണനിൽ കാണ്മു ഞാനെൻ അരുമക്കുരുന്നിനെ;
ഇവനായ് ചുരത്തീടും ഇനിമേലിവളുടെ
സ്തനങ്ങൾ
വാത്സല്യവുമാശയുമാകാംക്ഷയുംും,
എന്നല്ല ജീവൻ പോലും അലിയിക്കുമിപ്പാലിൽ,
പിന്നെ ഞാനിക്കുഞ്ഞിന്റെ ജീവന്റെ തുടിപ്പാകും!
-5-
വിജനം വീട്ടീന്നുള്ളിൽ ജഡമായിരുന്നവൾ;
മടിയിൽച്ചിരിതൂകി കിടന്നു ചെറു പൈതൽ!
20-02-2017
Copyright © 2016 - All Rights Reserved - www.tkjayanthan.com
Powered by eDesign