അപ്പുണ്ണി മാഷ്
പുറത്തു പോകുമ്പോൾ
മുഷിഞ്ഞ വസ്ത്രം മാറ്റാൻ
മറക്കുന്നു.
തിരിച്ചു പോരാൻ നേരം
വീട്ടിലേക്കുള്ള വഴി
മറക്കുന്നു.
കുളിക്കാൻ കുളിമുറിയിൽ
കടക്കുമ്പോൾ
തോർത്തെടുക്കാൻ
മറക്കുന്നു.
അത്താഴത്തിനു ശേഷം
ഗുളിക വിഴുങ്ങാൻ
മറക്കുന്നു.
ഷർട്ടിടുമ്പോൾ ബട്ടൺ
തെറ്റിച്ചിടാതിരിക്കാൻ
മറക്കുന്നു.
മക്കളുടെ
ഫോൺ വിളികൾക്കായി
ഞായറാഴ്ചകളിൽ
കാത്തിരിക്കാൻ
മറക്കുന്നു.
ചോറു ഉരുളകളാക്കി
വായിൽ വെച്ചു തരുമ്പോൾ
അതെല്ലാമൊന്നിച്ചു
അമ്മുക്കുട്ടി ടീച്ചറുടെ
മുഖത്തേക്ക്
തുപ്പരുതെന്ന കാര്യം
മറക്കുന്നു.
ഇരിക്കുന്നിടത്തുതന്നെ
മലമൂത്ര വിസർജനം
ചെയ്യരുതെന്ന കാര്യം
മറക്കുന്നു.
അമ്മ ജീവിച്ചിരുന്നപ്പോൾ
'അമ്മേ' എന്നു വിളിക്കാൻ
മറക്കുമായിരുന്നെങ്കിലും
ഇപ്പോൾ ആരെ കണ്ടാലും
'അമ്മേ'എന്നു വിളിക്കുന്നത്
ശരിയല്ലെന്നത്
മറക്കുന്നു.
സാദാനേരവും നിറുത്താതെ
സംസാരിച്ചു കൊണ്ടിരുന്നവൻ
ഇപ്പോൾ വാതുറന്നു മിണ്ടാൻ
മറക്കുന്നു.

രോഗവിവരം തേടിവന്ന
സംസ്കൃതം മാഷ്
രാമ വാരിയർ സാർ
എല്ലം കേട്ടു നിശ്ശബ്ദനായി
തെല്ലുനേരം കണ്ണടച്ചിരുന്നു.
പിന്നെ മെല്ലെ പറഞ്ഞു:
"ടീച്ചറെ,അപ്പുണ്ണി മാഷ്
പുണ്യം ചെയ്തവനാ!
ഇതു മറവിയൊന്നുമല്ല;
ഇഹലോക ബന്ധമെല്ലാം
മാഷ് ഉപേക്ഷിച്ചിരുന്നു.
മനസ്സ്‌ മോക്ഷമാർഗ്ഗത്തിൽ
ഉറച്ചിരിക്കുന്നു!"

ടീച്ചർക്ക് അതിൽ
പൂർണ്ണ ബോധ്യം വന്നില്ല.
എന്നിരിക്കിലും
തെല്ലൊരാശ്വാസം തോന്നി.
.............................
29-07-2017

HOME