
മധു,നീ കറുത്തവൻ,
ദളിത,നൊരുകാല-
ത്തധിപർ നിൻപൂർവിക-
രിന്ത്യ ക്കെന്നോർമിക്കുന്നു.
അവരല്ലയോപണ്ടു
ഹാരപ്പൻ സംസ്കാരത്തിൻ
പെരുമക്കുടയോരാം
ശ്രേഷ്ഠ രാജശില്പികൾ?
അവരല്ലയോ മുന്നം
ചേര സാമ്രാജ്യം വാണോർ?
കടലിൽനിന്നും കുട്ട-
നാട് വീണ്ടെടുത്തവർ?
ആരാണീ മധു,നിന്റെ
അസ്ഥി മാത്രമാം ശുഷ്‌ക-
മേനിയിലാൾക്കൂട്ടമായ്
വന്നെത്തി പ്രഹരിപ്പോർ?
ആരാണീ ദളിതന്റെ
ഒട്ടിയ വയർ ചൂണ്ടി
ഭാരിച്ച സ്വന്തം കുമ്പ
കുലുക്കി അശ്ലീലമായ്
ഊക്കോടെ പുലിക്കളി
ചുവടു ചവുട്ടിയോൻ?
ഢീക്കോടെ പിടിച്ചതാർ
മൊബൈലിൽ ചല ചിത്രം?
ആരാണീ മനോനില
തെറ്റിയ യുവാവിന്റെ
കൈരണ്ടും കൂട്ടിക്കെട്ടി
പൊതിരെ തല്ലുന്നവർ?
ആരാണൊന്നുറക്കനെ
കരായൻപോലുംവയ്യാ-
തായുള്ളീയവശനെ
ചവിട്ടി രസിപ്പവർ?
ആദിവാസികളുടെ
സമ്പത്തു കവരുന്നോർ,
ആദിവാസിതൻ കൃഷി
ഭൂമി കയ്യേറുന്നവർ;
വിശപ്പു സഹിക്കാതെ
അശിക്കാനൊഴക്കരി
കവർന്നെന്നാക്രോശിച്ചു
ദണ്ഡിക്കാനിവരാരാ?
കറുത്ത ദളിതരെ,
അയിത്തജാതിക്കാരാ-
യികഴ്ത്തി ദൂരേക്കാട്ടി-
പ്പായിച്ചോർ വെളുത്തവർ,
കറുത്ത നീഗ്രോ ജന,-
മാഫ്രിക്കയുടെ മക്ക,-
ളവരെയടിമക-
ളാക്കിയോർ വെസ്റ്റേഷ്യക്കാർ,
അവരെയമേരിക്ക-
നടിമക്കമ്പോളത്തിൽ
വില പേശി വിറ്റവർ
വെള്ളക്കാർ യൂറോപ്യന്മാർ.
ഇത്തരം പാരമ്പര്യം
രക്തത്തിൽ അലിഞ്ഞവർ
കൂട്ടംചേർന്നിസ്സാധുവെ
താഡിച്ച പാഴ്ജന്മങ്ങൾ.
കറുത്തജനം മോഹ-
നിദ്രവിട്ടുണരുന്നു,
ബലിഷ്ഠകരം മുഷ്ടി
ചുരുട്ടിയുയർത്തുന്നു.
അവർതൻ ചവിട്ടേറ്റാൽ
കുലുങ്ങും പരിസരം,
അവരോന്നലറിയാൽ
മുഴങ്ങുമിടിനാദം!
അവരൊന്നൊരുമ്പെട്ടു-
വന്നെന്നാൽ തടുക്കുവാൻ
കഴിയില്ലിവർക്കാർക്കും;
ഓർത്തിരിപ്പതു കൊള്ളാം!
.............................................
06-03-2018
Copyright © 2016 - All Rights Reserved - www.tkjayanthan.com
Powered by eDesign