
അന്നൊരു ലീവിൽ നാട്ടിൽ
* ഇച്ചമ്മ = അമ്മയുടെ അനുജത്തിയെ ഇങ്ങനെയും വിളിക്കാറുണ്ട്.
21/12/2016
വന്നപ്പോൾ വെയിൽ ചായെ
ഒമ്പതു വയസ്സായ
മകൾ തന്നിളം കരം
പിടിച്ചു പുഴയോര
പാതയിലൂടെ മന്ദം
നടക്കെ ചെറു കാറ്റിൻ
തണുത്ത മൃദു സ്പർശം.
ഇടത്തു വശത്താറ്റിൽ
വെളുത്ത മണൽതിട്ട
ഇടയ്ക്ക് വറ്റാറായ
തെളിനീരൊഴുക്കുകൾ.
മറു ഭാഗത്തായേറെ
വിശാലം നെൽപാടങ്ങൾ
തല നീട്ടീടും കതിർ
പച്ചപ്പിൻ സമൃദ്ധിയിൽ.
"എങ്ങോട്ടാ നമ്മൾ പോണെ? "
മോളുടെ അന്വേഷണം.
"നിന്നച്ചമ്മ തൻ കളി
കൂട്ടു കാരിയെ കാണാൻ.
കുറച്ചു ദൂരം കൂടി
നടന്നാലെത്താം നമു-
ക്കവർക്കുള്ളനുജത്തി
താമസിച്ചീടും വീട്ടിൽ."
"ആരാണീ കളിത്തോഴി
അച്ചമ്മയ്ക്ക്? "ഞാൻ ചൊല്ലി,
"ലീലോപ്പോൾ അച്ചമ്മേടെ
മൂത്ത ചേച്ചി തൻ മകൾ.
രണ്ടാൾക്കും ഒരേ പ്രായം
ഉറ്റ തോഴി മാരവർ
രണ്ടാളും ഒരുമിച്ചാ-
ണുണ്ണലും ഉറക്കവും.
അച്ചമ്മയുടെ ഇല്ലം
എട്ടു കെട്ടതിൻ ചാരെ
വിസ്തൃതം കുളം കുളി-
ക്കടവും പടവുമായ്.
ഒരുനാളവർ മറ്റു
കുട്ടികളൊരുമിച്ചു
കുളത്തിൽ നീന്തി ക്കളി-
ക്കുന്നേരം ഒരു ചെറു
മുതല ജലോപരി
പൊന്തി വന്ന വർക്കൊപ്പം
നീന്തുന്ന കണ്ടിട്ടുടൻ
തിരിഞ്ഞു നീന്തി കര
പിടിച്ചു കുളപ്പുര
കോലായിൽ കിതപ്പോടെ
വിറച്ചു നിന്നു. "കഥ
തുടർന്നും പറഞ്ഞു ഞാൻ.
കുറുമ്പൻ കൊമ്പൻ കൊമ്പിൽ
തൂങ്ങിയിട്ടൂഞ്ഞാലാടി
കളിക്കും കുഞ്ഞേട്ടൻറ
സാഹസം നോക്കിക്കണ്ടും ,
ഒരിക്കൽ സന്ധ്യാ നേരം
പേരില്ലാ മരക്കൊമ്പിൽ
ഇരുന്നു കാലൻ കോഴി
കൂവീടും മുഴക്കങ്ങൾ
കേട്ടേറെ ഭയന്നതും,
അവിടെ പെറ്റുണ്ടായ
കുട്ടിക്കൊമ്പനെ തോണ്ടി -
യിളക്കി അതിനേപ്പോൽ
കുണുങ്ങി തലയാട്ടി
ഓടിച്ച് കളിച്ചതും,
കെണിയിലകപ്പെട്ട
കൂറ്റനാം പുള്ളിപ്പുലി
ഇടിച്ചു കൂടിന്നഴി
മുറിക്കാൻ തുനിയവെ
തൻ തല പൊട്ടി ചോര-
യൊലിച്ചു മുരണ്ടതും
കണ്ടേറെ ഭയപ്പെട്ടു
വിസ്മയിച്ചതും, പിന്നെ
അക്ഷരം പഠിച്ചപ്പോൾ
നിമിഷ കവനങ്ങൾ
മത്സരിച്ചവർ ചൊല്ലാ-
നാരംഭിച്ചതു മെല്ലാം
പറഞ്ഞു തീരും മുമ്പേ
ചെന്നെത്തി ലക്ഷ്യസ്ഥലം.
എന്മകളവിടുത്തെ
കുട്ടികൾ വിളിച്ചപ്പോൾ
ഒന്നിച്ച് കളിക്കുവാൻ
ധൃതിപ്പെട്ടോടി പ്പോയി .
അന്നേക്കു വർഷം കുറേ-
യേറെയായ് ഇതിൻ മുന്നം
കണ്ടത് ലീലോപ്പോളെ,
തെല്ലു ജാള്യത തോന്നി.
വിവാഹം സാഘോഷമായ്
നടന്നു കൗമാരത്തിൽ,
അനുരാഗത്തിൻ മൂളി-
പ്പാട്ടുകൾ മനസ്സിനെ
ഇക്കിളി പ്പെടുത്തുവാൻ
തുടങ്ങീ,പൊടുന്നനെ
പൊട്ടി വീണിടിത്തീയു
കണക്കെ വൈധവ്യവും.
അതിന്റെ ആഘാതത്തിൽ
നിന്ന് മോചനം നേടാൻ
കഴിഞ്ഞില്ലോ പ്പോൾക്കിന്നും
ആണ്ടേറെപോയെങ്കിലും.
നിമിഷ കവനങ്ങൾ
ഫലിതം പൊട്ടിച്ചിരി
സരസം സംഭാഷണം
കേൾക്കാറില്ലതിൽ പിന്നെ.
വെളുത്ത വസ്ത്രം മാത്രം
ധരിക്കും,കയ്യും കാതും
കഴുത്തും പൊന്നില്ലാതെ
ഒഴിഞ്ഞും ഭസ്മക്കുറി
നെറ്റിയിൽ,ദിനചര്യ
വ്രതങ്ങൾ ഉപവാസം
നിഷ്ഠകൾ തെറ്റിക്കില്ല,
ശരീരം ശോഷിച്ചേറെ.
ഇഷ്ട ദാനമായച്ഛൻ
കൊടുത്തു ഭൂസ്വത്തുകൾ ,
കൃത്യമായതിൽ നിന്നും
ലഭിക്കും വരുമാനം
വഴിവാടുകൾ പൂജ
സോദരീ തനയരെ
പഠിപ്പിക്കുവാനുമായ്
നിർല്ലോഭം ചിലവാക്കും.
"ഇച്ചമ്മക്കസുഖങ്ങൾ*
ഇല്ലല്ലോ?സുഖമല്ലേ?
എത്രയോ വർഷം മുന്നെ
കണ്ടതാണിച്ചമ്മയെ.
പേരെന്താ മകൾക്കിവൾ
മിടുക്കി ഇപ്പോളേതു
ക്ലാസ്സിലാ പഠിക്കുന്നെ?"
നാലഞ്ചു ചെറുചോദ്യം.
കൂടുതൽ ഒന്നും തന്നെ
ലീലോപ്പോൾ പറഞ്ഞില്ല,
വാചാലയായീ അന്നും
മുന്നേപ്പോൽ കമലോപ്പോൾ.
യാത്ര ചൊല്ലുവാൻ നേരം
ചുളിയാത്തൊരു നോട്ട്
അക്കയ്യിൽ വെച്ച് ഞങ്ങൾ
കാൽതൊട്ടു വന്ദിക്കവെ,
കണ്ണടച്ചിരിക്കുമാ
മുഖത്തു നിസ്സംഗത;
വിങ്ങി പ്പൊട്ടുകയായി
അവർക്കുള്ളനുജത്തി :
"ഏടത്തി മറ്റുള്ളോർക്ക്
കൊടുക്കും മടിയാതെ,
ഏടത്തിക്കാരും കൊടു-
ത്തില്ലൊന്നും ഇന്നേവരെ."
അപ്പോഴും തേജോദീപ്തം
മുഖത്തു പ്രശാന്തത ,
ഉൾക്കണ്ണീരടക്കുവാൻ
ഇവനോ പണിപ്പെട്ടു.
"എന്തിനാ കരഞ്ഞത്
കമലമ്മാമി? "ചോദ്യം.
"വെറുതെ",അലക്ഷ്യ മാ -
യിരുന്നെൻ മറുപടി.
"വെറുതെ!"ഉള്ളിന്നുള്ളിൽ
മാറ്റൊലി മുഴങ്ങുന്നു,
ഉറങ്ങും സ്മരണകൾ
കൺമിഴിച്ചുയിർക്കുന്നു.
പ്രശസ്ത കലാലയ
വിദ്യാർത്ഥി, പലപ്പോഴും
പ്രയാസം ഫീസ്സിന്നുള്ള
സംഖ്യ സംഘടിപ്പിക്കാൻ.
ഒരിക്കൽ കൃത്യം നാളിൽ
ഫീസ്സടക്കുവാൻ പറ്റീ -
ലിനി രണ്ട് നാൾ മാത്രം
പിഴ ചേർത്തടക്കുവാൻ.
വീഴ്ച സംഭവിച്ചെന്നാൽ
പഠിപ്പ് നിർത്താം, ജോലി
തേടിടാം, കിട്ടാനെന്നാൽ
സാദ്ധ്യത വിദൂരമാം.
ഞങ്ങൾക്ക് വകയിലായ്
അകന്ന ബന്ധു, നീല -
കണ്ഠേട്ടനോട് നൂറു
രൂപ വായ്പ ചോദിക്കെ,
ഇല്ലെന്ന് മുഖം കോട്ടി
പറയെ, എല്ലാം കേട്ടു
വന്നെത്തി ലീലോപ്പോള്
ഗൃഹത്തിനുള്ളിൽ നിന്നും .
" എനിക്കൊരത്യാവശ്യം
നൂറുറുപ്പിക വേണം,
എടുക്കാനുണ്ടോ കയ്യിൽ ?"
ഇരു കയ്യുകൾ മാറി
കറൻസി ഇവൻ കൈയിൽ
വെക്കവെ, കൃതജ്ഞത
പറവാൻ വാക്കില്ലാതെ
കുഴങ്ങി നില്കുന്നേരം ;
"തത്കാലം ഇതു മാത്രം ,
നന്നായി പഠിക്കുണ്ണീ,
തോല്കരുതൊരിടത്തും,
അമ്മക്ക് താങ്ങാവണം! "
വിസ്മയാഹ്ലാദത്തോടെ
വിടർന്ന മിഴി കണ്ടോ
മുത്തുപോലൊരു തുള്ളി
കണ്ണുനീർ കറൻസിയിൽ?
Copyright © 2016 - All Rights Reserved - www.tkjayanthan.com
Powered by eDesign