
പടവിന്റെ ചുറ്റു വരമ്പറ്റമെത്തി
ജലം,തീരെ താണില്ല വറ്റിക്ക വേണം.
വരമ്പു മുറിച്ചു കുഴിച്ചിട്ടു പാത്തി
ഉറപ്പിച്ചു ചീപ്പിട്ടത്തിൻ രണ്ടു കാലിൽ
തിരിക്കാനുയർത്തി വലിയൊരു ചക്രം,
പതിനെട്ടിലയിൽ തിളങ്ങി മനോജ്ഞം.
മുളങ്കമ്പു നാട്ടിട്ടുറപ്പിച്ചു കെട്ടി
പടികൾ ഇരിക്കാൻ ഇടത്തും വലത്തും.
പകൽ പോയി രാവായ് പണിയാളരെത്തി
മുറുക്കിച്ചവുട്ടി തിരിക്കുന്നു ചക്രം.
പഴം പാട്ടു പാടാൻ ഒരുത്തന്റെ കൺഠം
തുറന്നേറ്റു പാടുന്നു കൂട്ടാളരൊന്നായ്.
മയക്കുന്ന മാനിന്റെ സൗവർണ രൂപം
കയൽകണ്ണി സീതക്കതാശ്ചര്യ ഹർഷം.
ഒതേനന്റെ കയ്യിലുറുമി തിളക്കം,
ചതിക്കുന്ന ചന്തു തീർപ്പിച്ച ചുരിക,
കരുത്തുറ്റ കോമന്റെ വാളിന്നിളക്കം,
ഗത കാല വീറിന്റെ നേരിന്റെ ഗാനം,
ദ്രുതകാല താളം മുറുകും മുറക്ക്
ഒഴുക്കി ജലം ശബ്ദ ഘോഷം വളർത്തി.
ചവുട്ടി നിറുത്താതെ ഊക്കോടുയർത്തി
തിരിയുന്ന കാലചക്രത്തിൻ മുഴക്കം.
പണിക്കാർ വിയർത്തേറെ മണ്ണിന്റെ ഗന്ധം
വിയർപ്പിന്നവർക്കുള്ള വീറിന്നെരിവും.
അബോധ മനസ്സിൽ മയക്കം വെടിഞ്ഞു
ഉയർന്നുള്ളു പൊള്ളിക്കും ഓർമ്മയൊരോന്നായ്.
മലയ്ക്കും അലയ്ക്കും ഇടക്കുള്ള ചേരം
പുകൾ പെറ്റ ചെംകുട്ടുവൻ വാണ കാലം,
പ്രതാപം പൊലിഞ്ഞയ്യോ! പിന്നീടു ചേരർ
ചെറുമക്കളായ് തീർന്നടിയാളരായി.**
പറമ്പും വയലും ഇരിക്കുന്ന വീടും
കവർന്നു ബലമായിട്ടേതോ തമ്പ്രാക്കൾ,
വയലിൻ ചെരുവിൽ പുറം പോക്കിലോരൊ
കുടിൽ കെട്ടി പിന്നെ പൊറുക്കേണ്ടി വന്നു.
ഉദിക്കും മുതൽക്കസ്തമിക്കും വരേയ്ക്കും
വിടു വേല ചെയ്താൽ ഉരി ചോറു കിട്ടാം.
അമർഷം കനലായ് തപിപ്പിക്കു മോർമ്മ,
പുറത്തേക്കു ചക്രം ഒഴുക്കുന്ന വെള്ളം
കണക്കെ,നുരഞ്ഞു പൊങ്ങുന്നു ;കിഴക്കു
ഉദിക്കുന്ന സൂര്യ നോടൊപ്പം ബലിഷ്ഠം
കറുത്ത കരം മുഷ്ടിയായ്; വെള്ളമെല്ലാം
ഒഴുക്കി പുറത്തേക്കു വറ്റിച്ചു കൺടം.
പരന്നു നിരപ്പായ് അടിച്ചേറിൽ സൂര്യ
കിരണങ്ങൾ പൊട്ടിച്ചിതറി മനോജ്ഞം.
**ആദി ചേരർ പിന്നീട് ചെറുമരായത്രെ.
6-1-2017
HOME
Copyright © 2016 - All Rights Reserved - www.tkjayanthan.com
Powered by eDesign