മിഥുനത്തിലിരുൾമൂടി-
യിരമ്പിപ്പെരുമഴവന്നാൽ
തറവാട്ടിലെത്തുവാനിഷ്ടം.
പടികടന്നിരുപതു
പടവിലും തലകുത്തി
തടയാതൊഴുകി മറിഞ്ഞു,
തിരുമുറ്റത്തൊരുചെറു
ജലപാതം തിരയടി-
ച്ചൊഴുകുന്നതു കാണുവിനിഷ്ടം.
തുടവണ്ണം മഴപെയ്തി-
ട്ടതു പൊട്ടിച്ചിതറുന്ന
നടുമുറ്റം കാണുവാനിഷ്ടം.
ഒരു പാളത്തൊപ്പിയണി-
ഞ്ഞിടമുറിയാതുതിരുന്ന
മഴകൊണ്ടു നിൽക്കുവാനിഷ്ടം.
കുരുതി കുടിച്ചലറിക്കലി
കയറിപ്പുഴ തീർക്കും പല
ചുഴി മലരികൾ കാണുവാനിഷ്ടം.
കരകവിഞ്ഞലയടി-
ച്ചുയരുന്ന മലവെള്ളം
അടിവെച്ചു മുറ്റത്തു വന്നാൽ,
കുലവാഴ കണ്ടിച്ചൊരു
ചങ്ങാടമൊരുക്കിയതിൽ
കയറി തുഴയുവാനിഷ്ടം.
പുഴയും വയലേലകളും
നിലയില്ലാക്കയമായാൽ
ചെറുവഞ്ചി നീറ്റിലിറക്കി,
കരകാണാക്കടലിൻ്റെ
അറിയാത്ത തീരങ്ങൾ-
ക്കരികെ തുഴഞ്ഞെത്താനിഷ്ടം.
30-06-2018.
Copyright © 2016 - All Rights Reserved - www.tkjayanthan.com
Powered by eDesign