കറുത്ത നിറത്തോടാ-
ണെനിക്കു പ്രിയമേറെ,
കറുപ്പെൻ ചർമ്മത്തിന്നു
കാന്തി നല്കീടുന്നേറെ.
കറുത്തു മിനുത്തുള്ള
വർമുടിക്കഴകേറെ,
മുഴുക്കെ കറുത്തുള്ളോ-
രാനക്കു ചന്തം വേറെ.
കാർമുകിൽ പെയ്‌വു വെള്ളി-
മഴയായ് നീർത്തുള്ളികൾ
ഭൂമിയെ തണുപ്പിക്കാൻ
ഇരമ്പും ഘോഷത്തോടെ.
കറുത്ത ചിപ്പിത്തോടു
പിളർത്തി പുറത്തേക്കു
കടക്കും പ്രഭാപൂരം
പരത്തി വെണ്മുത്തുകൾ.

മേനിക്കു കറുപ്പല്ലോ
മാരിയമ്മനും ഭദ്ര-
കാളിക്കും ഞങ്ങൾക്കുള്ള
കാവിലമ്മക്കും മറ്റും.
വർദ്ധിത വീര്യത്തോടെ
ചിലങ്കയെറിഞ്ഞവൾ,
ക്രുദ്ധമാം നോട്ടംകൊണ്ടു
കത്തിച്ചോൾ മധുരയെ,
കണ്ണകി കറുത്തവൾ,
അവളെ വാഴ്ത്തിപ്പാടും
ചിലപ്പതികാരമോ
ദ്രാവിഡർക്കിതിഹാസം.
മന്നർക്കും മന്നൻ മഹാ-
ബലിയോ ദ്രവിഡന്നു
തമ്പുരാൻ,കീഴാളർക്കു
കാരുണ്യ പാരാവാരം.

കറുത്ത ദ്വൈപായന
വ്യാസനാൽ വിരചിതം
ബൃഹത്താം ഗ്രന്ഥം മഹാ-
ഭാരതം ഇതിഹാസം.
നിറഞ്ഞു നിൽപ്പുണ്ടതിൽ
ശ്യാമവർണ്ണ നാം കൃഷ്ണൻ,
കറുത്ത പാർത്ഥൻ സവ്യ-
സാചി കൃഷ്ണനു തോഴൻ.
നായിക മനോഹരി
ശ്യാമസുന്ദരി അഞ്ചു-
സോദരർക്കെല്ലാം സഹ-
ധർമ്മിണി പാഞ്ചാലിയാം.

ബഹുഭർതൃത്വം മുന്നം
കറുത്ത ജനത്തിന്റെ
കുടുംബബന്ധം ശക്തി-
പ്പെടുത്തും വഴക്കമാം.
കറുത്തോർ കീഴാളർക്കു
വ്യാസ ഭരതമല്ലോ
പ്രിയപ്പെട്ടിതിഹാസം
പഞ്ചമ വേദഗ്രന്ഥം!
............................
18-09-2017

അടിക്കുറിപ്പ്:
മഹാഭാരതം പഞ്ചമ വേദമാണ്.നാലു വേദങ്ങൾക്കും പിന്നീട് അഞ്ചാമതയി വന്ന വേദം.
ചാതുർവർണ്യത്തിനു പുറത്തുള്ള ബഹു ഭൂരിപക്ഷം അവർണ(കറുത്ത)രായ പഞ്ചമരുടെ വേദഗ്രന്ഥം എന്നും പറയാം.

HOME