
നഗ്നമാം മിഴികൾക്ക്
സാദ്ധ്യമല്ലെന്നെ കാണ്മാൻ
സപ്ത വർണ്ണങ്ങൾക്കുള്ളിൽ
സൂക്ഷ്മമാം തേജസ്സല്ലോ.
നടക്കാം നിന്നോടൊപ്പം
ഈ ദീർഘ യാത്രക്കിടെ
കഴയ്ക്കും നിൻ കാൽകൾക്കു
തെല്ലൊരാശ്വാസം നൽകാൻ.
ദാനാമാഝി, നീ യെൻറ
പിണമാം ശരീരത്തെ
ജീർണ്ണിച്ച പുതപ്പൊന്നിൽ
ഒതുക്കി മൂടി ക്കെട്ടി
ഇടത്തു തോളത്തിട്ടു
വേച്ചു വേച്ചടിവെച്ചു
നടക്കുന്നതു കാൺകെ
സങ്കട മെനിക്കുള്ളിൽ.
ഞാനിതേവരെ തീരെ
കാണാത്ത പലദൃശ്യം
കാണുന്നു, കേൾപ്പൂ മുന്നം
കേൾക്കാതുള്ളറിവുകൾ.
തോളത്തൊരപൂർവ്വമാം
മാറാപ്പും, വിങ്ങിപ്പൊട്ടി
കേഴുന്ന മകളുടെ
കരവും പിടിച്ചു നീ
ഉൾകരച്ചിലു പണി -
പ്പെട്ടടക്കിയും വാറു
പൊട്ടിയ ചെരുപ്പിട്ടു
ക്ലേശിച്ചു നടക്കവേ ,
കാണ്മൂ ഞാൻ പണ്ടു തീവ്ര
ദുഃഖത്താൽ മഹാദേവൻ
പ്രാണപ്രേയസി സതീ
ദേവി തൻ മൃതദേഹം
തൻതോളിലേറ്റി വ്യോമ
മാർഗ്ഗത്തിലലഞ്ഞതും
തൻ വിലാപങ്ങൾ ചുറ്റും
മാറ്റൊലി ക്കൊണ്ടെന്നതും
എട്ടുദിക്കുകൾ കേട്ടു
തരിച്ചു നിന്നെന്നതും
പറ്റീല മുനി ദേവ
ഗന്ധർവ്വാദികൾക്കാർക്കും
ശർവ്വനു സമാശ്വാസ-
മേകുവാനെന്നുള്ളതും
തങ്ങളിൽ തമ്മിൽ തമ്മിൽ
നോക്കിനിന്നതും ,പിന്നെ
നിർത്താതെ കുതിച്ചോടും
രുദ്രനെ പിൻപറ്റിക്കൊ-
ണ്ടെത്തിയ മഹാവിഷ്ണു
ശ്രീ ചക്രം പ്രയോഗിച്ചു
നൂറ്റെട്ടു കഷ്ണങ്ങളായ്
മുറിച്ചു സതീ ജഡം
വീഴ്ത്തിനാൻ പലേടത്തായ്
ഭൂമിയിലെന്നുള്ളതും
ഇതൊന്നു മറിയാതെ
മഹേശൻ ആകാശത്തു
തുടർന്നും അലഞ്ഞതും
നീയറിഞ്ഞിരിക്കില്ല.(1)
മാഝി, ഞാനിരക്കുന്നു
എന്നുടെ മൃതദേഹം
ഖണ്ഡിച്ചു കഷ്ണങ്ങളായ്
ഭൂമിയിൽ തൂകീടേണ്ട,
അവക്കു മുകളിലായ്
ക്ഷേത്രങ്ങൾ പണിയേണ്ട,
ശവത്തോടനാദരം
കാട്ടുവോരാണീ ജനം.
പട്ടട വേണ്ട പുണ്യ
ഗംഗ തൻ തീരത്തൊന്നും
കെട്ടു താലിയും ഇവർ
കൂലിയായ് ചോദിച്ചേക്കാം. (2)
നമ്മുടെ കുടിലിൻറ
ചാരത്തു വേപ്പിൻ ചോട്ടിൽ
നമ്മുടെ ചുടു വേർപ്പു
മണക്കും മണ്ണിൽ തന്നെ
അടുക്കീടുക യെന്നെ
ഒരു തൈ തേന്മാവു നീ
വളർത്തീടുക നട്ടു
നനച്ചാ ചിതമേലെ.
ഇളം തെന്നലായ് വന്നു
ചിലപ്പോളോർമ്മിപ്പിച്ചും
അദൃശ്യ സാന്നിധ്യമായ്
തങ്ങും ഞാനവിടത്തിൽ.
തേന്മാവിൻ തണൽ പറ്റി
മാമ്പഴ മീമ്പുന്നേരം
എന്മക്കളീ യമ്മതൻ
വാത്സല്യ മറിഞ്ഞീടും.
പട്ടിണിപ്പാവങ്ങളും
രോഗികൾ എല്ലുന്തിയ
കുട്ടികൾ കങ്കാണികൾ
ഇല്ലാത്ത പുതു ലോകം.
മാഝി,നീ യൊരു ദിനം
വന്നെത്തു മിവിടത്തിൽ
നഷ്ട സൗഖ്യങ്ങൾ വീണ്ടും
കണ്ടെത്താം ആഘോഷിക്കാം.
.............
17-10-16
(1)
ഭാരതത്തിൽ 108 ദേവീ ക്ഷേത്രങ്ങൾ ഉണ്ടായതിനു പിന്നിലെ ഐതിഹ്യം
(2) ഹരിശ്ചന്ദ്ര കഥ ഓർമ്മകൾ ഓർമ്മിച്ച്
Copyright © 2016 - All Rights Reserved - www.tkjayanthan.com
Powered by eDesign